അരിപ്പൊടി കൊണ്ടൊരു പാലപ്പം

നമ്മള്‍ സാധാരണയായി അരി കുതിര്‍ത്തു അരച്ചല്ലേ പാലപ്പം ഉണ്ടാക്കുന്നത്.എന്നാല്‍ ഇനി അരിപ്പൊടി കൊണ്ടും പാലപ്പം ഉണ്ടാക്കാം കേട്ടോ.വളരെ എളുപ്പമാണ് ഇത് തയ്യാറാക്കുവാന്‍.

ചേരുവകള്‍

അരിപ്പൊടി- രണ്ടു കപ്പ്,വറുക്കാത്തത്

കട്ടിയുള്ള തേങ്ങാപ്പാല്‍- ഒരു തേങ്ങയുടെ

തേങ്ങ തിരുമ്മിയത്‌- അര കപ്പ്,അരയ്ക്കുവാന്‍

ചോറ് – ഒരു തവി നിറയെ എടുക്കണം

പഞ്ചസാര- രണ്ടു ടേബിള്‍സ്പൂണ്‍

യീസ്റ്റ് – അര ടീസ്പൂണ്‍

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു വലിയ സ്റ്റീല്‍ പാത്രത്തില്‍ അരിപ്പൊടിയുംപഞ്ചസാരയും ഉപ്പും ചോറും തേങ്ങയും അരച്ചതും തേങ്ങാപ്പാലും പാകത്തിന് വെള്ളവും ചേര്‍ത്തു മിക്സ് ചെയ്തു വെയ്ക്കുക.മിക്സ് ചെയ്യുന്നത് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ വേണം.

നല്ലത് പോലെ അടച്ചു ചൂടുള്ള ഒരു സ്ഥലത്ത് വെയ്ക്കുക.എട്ടു മണിക്കൂര്‍/ഒരു രാത്രി മുഴുവന്‍ ഇതാണ് മാവ് പുളിച്ചു പൊങ്ങുവാന്‍ വേണ്ട സമയം. .മാവ് പുളിച്ചു കഴിഞ്ഞാല്‍ അത് നേരെ ഇരട്ടിയാകും.
രാവിലെ ഒരു തവി ഉപയോഗിച്ച് നല്ലത് പോലെ ഇളക്കി രുചി നോക്കുക,ഉപ്പോ പഞ്ചസാരയോ വേണമെങ്കില്‍ ഇപ്പോള്‍ ചേര്‍ക്കാം.

ഇനി ഒരു പാലപ്പചട്ടി മീഡിയം തീയില്‍ ചൂടാക്കുക.ചട്ടി ചൂടായാല്‍ ഒരു തവി നിറയെ മാവ് ചട്ടിയുടെ നടുക്ക് ഒഴിയ്ക്കുക.എന്നിട്ട് ചട്ടിയുടെ വശങ്ങളിലുള്ള പിടിയില്‍ പിടിച്ചു സ്റ്റവില്‍ നിന്നും പൊക്കിയെടുക്കുക.ചട്ടിയുടെ നടുക്ക് നിന്നും മാവ് ഒരു റൌണ്ട് ആകൃതിയില്‍ രണ്ടു പ്രാവശ്യം കറക്കുക.പ്രത്യേകം ശ്രേധിയ്ക്കുക.പാലപ്പത്തിന്റെ നടുഭാഗം കട്ടിയില്‍ പതുപതുത്ത പോലെ പൊങ്ങിയിരിക്കണം,വശങ്ങള്‍ ലേസ് പോലെ ക്രിസ്പിയും ചെറിയ ബ്രൌണ്‍ നിറവും ആയിരിക്കണം.ഇനി തീ കുറച്ചു അടച്ചു വെയ്ക്കുക.

ഏകദേശം ഒരു മിനിറ്റ് കഴുയുമ്പോള്‍ തുറന്നു നോക്കുക,എന്നിട്ട് തീ ഒന്ന് കൂട്ടി വശങ്ങള്‍ ഒന്ന് കൂടി ക്രിസ്പ് ആക്കുക.ഒരു ചട്ടുകം ഉപയോഗിച്ച് പാലപ്പം കാസറോളിലേക്ക് മാറ്റുക.ഇങ്ങനെ ബാക്കി ഉള്ള മാവും ഉണ്ടാക്കിയെടുക്കുക.പാലപ്പം റെഡി. ഇഷ്ടമുള്ള കറികള്‍ ചേര്‍ത്തു കഴിയ്ക്കുക.

***കാപ്പി കാച്ചുക എന്നൊരു പ്രക്രിയ ഉണ്ട്,ഞാന്‍ ഇന്ന് വരെ അത് ചെയ്തിട്ടില്ല,ആവശ്യം വന്നിട്ടില്ല.എന്നാല്‍ നമ്മുടെ കേരളത്തില്‍ തന്നെ പല സ്ഥലങ്ങളിലും ഇത് ചെയ്യാറുണ്ട്.പാലപ്പം കൂടുതല്‍ സോഫ്റ്റ്‌ ആകുമെന്നും മാവ് പെട്ടെന്ന് പൊങ്ങുമെന്നും പറയുന്നുണ്ട്.എങ്കില്‍ അത് കൂടി നിങ്ങള്‍ ചെയ്തു നോക്ക്,അതിനായി, കാല്‍ കപ്പ് അരിപ്പൊടിയും 2 ടേബിള്‍സ്പൂണ്‍ പഞ്ചസാരയും അര കപ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത ശേഷം ചെറിയ തീയില്‍ വെച്ച് ചൂടാക്കുക.ഇത് ചൂടായി വരുമ്പോള്‍ ഇളക്കുക,നിങ്ങള്‍ക്ക് ഒരു കട്ടിയായ മിശ്രിതം,കുറുക്കു പോലെ കിട്ടുമ്പോള്‍ ഓഫാക്കുക.അത് തണുത്തു കഴിയുമ്പോള്‍ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മാവില്‍ ചേര്‍ത്തിളക്കുക.ബാക്കി എല്ലാം അതെ പോലെ തന്നെ ,അടച്ചു വെച്ച് മാവ് പൊങ്ങാന്‍ അനുവദിയ്ക്കുക.***

ടിപ്സ്

പാലപ്പം തിരിച്ചിടരുത്.അടച്ചു വെയ്ക്കുക്കുമ്പോള്‍ മുകള്‍ ഭാഗം വെന്തു കൊള്ളും
മാവ് പുളിയ്ക്കാന്‍ എപ്പോളും അലുമിനിയം പാത്രങ്ങള്‍ ഉപയോഗിയ്ക്കുക.
വലിയ പാത്രങ്ങളില്‍ വേണം മാവ് വെയ്ക്കുവാന്‍,അല്ലെങ്കില്‍ പൊങ്ങി പുറത്തു തൂവി പോകാനുള്ള സാധ്യതയുണ്ട്‌
ചിലര്‍ക്ക് നല്ല വെള്ള പാലപ്പം മതി,അങ്ങനെയുള്ളവര്‍ തീ കൂട്ടി വെച്ച് വശനാല്‍ ബ്രൌണ്‍ ആക്കാന്‍ നോക്കണ്ട.
ചിലര്‍ക്ക് നല്ല ലേസുള്ള പാലപ്പം വേണം,അവര്‍ മാവില്‍ ഇത്തിരി കൂടി പഞ്ചസാര ചേര്‍ത്തു നോക്കുക.
ബാക്കിയുള്ള മാവ് ഫ്രിഡ്ജില്‍ രണ്ടു ദിവസം വരെ സൂക്ഷിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *