വന്‍പയര്‍ മത്തങ്ങാ എരിശ്ശേരി :
***************************************
എരിശ്ശേരി തേങ്ങ നല്ലത് പോലെ ചേര്‍ത്ത് ഉണ്ടാക്കുന്ന അധികം ഡ്രൈ ആകാതെ എന്നാല്‍ ചാറു കൂടി പോകാതെ കുറുക്കി എടുക്കുന്ന ഒരു വിഭവമാണ്. മത്തങ്ങാ എരിശ്ശേരി ,വന്‍പയര്‍ മത്തങ്ങാ എരിശ്ശേരി ,ചേനയും കായും എരിശ്ശേരി അങ്ങനെ വിവിധ തരത്തിലുള്ള എരിശ്ശേരി ഉണ്ട്. പരമ്പരാഗതമായ രീതിയില്‍ എരിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.
വന്‍പയര്‍ മത്തങ്ങാ എരിശ്ശേരി

ആവശ്യമായവ:

മത്തങ്ങാ -ഏകദേശം അര കിലോ

വന്‍പയര്‍- ഒരു കപ്പ്‌

തേങ്ങ തിരുമ്മിയത്‌- അര മുറി തേങ്ങ ,അരയ്ക്കാന്‍

കുരുമുളക് പൊടി – 3/4 ടേബിള്‍ സ്പൂണ്‍

മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍ ( ഒരു ടീസ്പൂണ്‍ വരെ ചേര്‍ക്കാം )

ജീരകം- 1 ടേബിള്‍ സ്പൂണ്‍

ഉപ്പ്- പാകത്തിന്

വറുത്തിടാന്‍ :

തേങ്ങാ തിരുമ്മിയത്‌ – അര മുറി ,വറുത്തിടാന്‍

കടുക് – ഒരു ടീസ്പൂണ്‍

വറ്റല്‍ മുളക് – നാല് എണ്ണം

കറി വേപ്പില – 2 കതിര്‍

ഉഴുന്ന് പരിപ്പ് – കാല്‍ കപ്പ്‌

ജീരകം – ഒന്നര ടീസ്പൂണ്‍

കുരുമുളക് പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ – ആവശ്യത്തിനു

നെയ്യ് – ഒന്നര ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :

വന്‍പയര്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചു എടുക്കുക.

തേങ്ങയും ജീരകവും കൂടി ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നേര്‍മ്മയായി അരച്ച് എടുക്കുക.

ഒരു ചീനച്ചട്ടിയില്‍ മത്തങ്ങാ ചെറിയ കഷണങ്ങള്‍ ആക്കിയതും പയറും മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയുടെ പകുതിയും ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് വേവിയ്ക്കാന്‍ വെയ്ക്കുക.

വെന്ത മത്തങ്ങയും പയറും നന്നായി ഉടച്ചു എടുക്കുക.
ഇനി ഇതിലേക്ക് അരച്ച് വെച്ചിരിയ്ക്കുന്ന തേങ്ങ ചേര്‍ത്ത് ഇളക്കുക.തിളയ്ക്കാന്‍അനുവദിയ്ക്കുക .

ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉഴുന്ന് പരിപ്പ് മൂപ്പിക്കുക.ഉഴുന്ന് ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍
ചതച്ച തേങ്ങയും ഇട്ടു മൂപ്പിക്കുക.തേങ്ങ നല്ല പോലെ മൂത്ത് കഴിയുമ്പോള്‍ പാനിന്റെ നടുവില്‍ നെയ്യ് ഒഴിച്ചു ജീരകം ,കറി വേപ്പില , കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.വറ്റല്‍ മുളകും കൂടി താളിയ്ക്കാവുന്നതാണ്.അതിനു ശേഷം എല്ലാം കൂടി ഇളക്കുക.ഇനി തേങ്ങാ വറുത്തത്കറിയിലേക്ക് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.വന്‍പയര്‍ മത്തങ്ങാ എരിശ്ശേരി തയ്യാര്‍.

ടിപ്സ്

വറുക്കുവാനുള്ള തേങ്ങാ മിക്സറില്‍ ഒന്ന് ചതച്ചതിനു ശേഷംഎടുത്താല്‍ പെട്ടെന്ന് വറുത്തു കിട്ടും.എരിശ്ശേരി ഉണ്ടാകുവാന്‍ ഉരുളി ഉണ്ടെങ്കില്‍ അതാണ്‌ നല്ലത്.ഉള്ളി ,കുഞ്ഞുള്ളി ഇവ ഒന്നും എരിശ്ശേരിയില്‍ ചേര്‍ക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *