പല വെജിറ്റബിള്‍സും നല്ല നാടന്‍ രീതിയില്‍ തയ്യാറാക്കിയാല്‍ നോണ്‍ വെജിനേക്കാള്‍ സ്വാദേറിയ കറികള്‍ ഉണ്ടാക്കാം.ചോറിന്റെ കൂടെ കഴിയ്ക്കുവാന്‍ പറ്റിയ ഒരു ഡിഷ്‌ ആണ് വെണ്ടയ്ക്ക മപ്പാസ്‌.എങ്കിലും നോണ്‍ വെജ് കഴിയ്ക്കാത്തവര്‍ക്ക് അപ്പത്തിന്റെ കൂടെ വെജിറ്റബിള്‍ സ്ടൂ എന്നത് പോലെ വെണ്ടയ്ക്ക മപ്പാസും നല്ല ഒരു കോമ്പിനേഷന്‍ ആണ്.പച്ച പെരുംജീരകവും പച്ച മല്ലിയും ചേര്‍ത്തു ഉണ്ടാക്കുന്ന ഈ കറി ഒരു തനി നാടന്‍ വിഭവം ആണ്.

ചേരുവകള്‍ :

വെണ്ടയ്ക്ക,ചെറുത് – പതിനഞ്ചു എണ്ണം

പച്ചമല്ലി – ഒന്നര ടേബിള്‍ സ്പൂണ്‍

പെരുംജീരകം – മുക്കാല്‍ ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ – ഒന്നര ടേബിള്‍സ്പൂണ്‍

ഇഞ്ചി -ഒരു ചെറിയ തുണ്ടം,കൊത്തിയരിഞ്ഞത്

സവാള – ഒന്ന്,ചെറുതായി അരിഞ്ഞത്

പച്ചമുളക്- അഞ്ച്,കീറിയത്

കട്ടിയുള്ള തേങ്ങാപ്പാല്‍- കാല്‍ കപ്പ്‌

കടുക് – അര ടീസ്പൂണ്‍

കറി വേപ്പില – രണ്ടു കതിര്‍

വറ്റല്‍ മുളക് – നാല്

കുഞ്ഞുള്ളി – നാല്, കീറിയത്

തയ്യാറാക്കുന്ന വിധം :

വെണ്ടയ്ക്ക കഴുകി കുറച്ചു വലുതായി അരിഞ്ഞു വെയ്ക്കുക.
പച്ചമല്ലി,പെരുംജീരകം എന്നിവ എടുത്തു മിക്സറില്‍ പൊടിച്ചു വെയ്ക്കുക.(നാട്ടിന്‍പുറങ്ങളില് ഇത് രണ്ടും അരകല്ലില്‍ അരച്ച് എടുത്തു ആണ് ഈ കറി വെയ്ക്കുന്നത്.)

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ഇഞ്ചി കൊത്തിയരിഞ്ഞതും സവാള ചെറുതായി അരിഞ്ഞതും അഞ്ചു പച്ചമുളക് കീറിയതും വഴറ്റുക.നന്നായി വഴണ്ടാല്‍ വെണ്ടയ്ക്ക കൂടി ചേര്‍ത്തു വഴറ്റുക.ഇനി പൊടിച്ച മസാലകള്‍ ചേര്‍ക്കുക.പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്തു ഇളക്കി അടച്ചു വെയ്ക്കുക.വെണ്ടയ്ക്ക വെന്തു അലുത്തു പോകാതെ നോക്കണം .വെന്തു കഴിഞ്ഞു കട്ടിയുള്ള തേങ്ങാപ്പാല്‍ കറിയില്‍ ചേര്‍ത്തു രണ്ടു മിനിറ്റ് ചൂടാക്കി വാങ്ങി വെയ്ക്കുക.ഇനി ഒരു ചെറിയ ചീനച്ചട്ടിയില്‍ ലേശം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് കറി വേപ്പില, വറ്റല്‍ മുളക് കുഞ്ഞുള്ളി കീറിയത് എന്നിവ താളിച്ച്‌ കറിയിലേക്ക് ചേര്‍ത്തു ഇളക്കുക.വെണ്ടയ്ക്കാ മപ്പാസ്‌ തയ്യാര്‍.

ടിപ്സ്

**ആഗോള പ്രശ്നമാണല്ലോ ഈ വെണ്ടയ്ക്ക വഴറ്റുമ്പോള്‍ ഒരു വഴുവഴുപ്പ് എന്നത് ,വഴറ്റിയപ്പോള്‍ ഞാന്‍ രണ്ടു മൂന്നു ഡ്രോപ്പ് നാരങ്ങാ നീര് ചേര്‍ത്തു,പിന്നെ വേണ്ടയ്ക്കയ്ക്ക് വഴുവഴുപ്പ് ഇല്ല..അതുമല്ലെങ്കില്‍ ഇത്തിരി തൈര് അല്ലെങ്കില്‍ ഇത്തിരി കടലമാവ് ചേര്‍ത്താല്‍ വഴുവഴുപ്പ് മാറിക്കിട്ടും.. ”

മഞ്ഞള്‍പ്പൊടി ഞാന്‍ ചേര്‍ത്തിട്ടില്ല,നിങ്ങള്ക്ക് വേണമെങ്കില്‍ ചേര്‍ക്കാം.തേങ്ങാപ്പാലിന് പകരം കോക്കനട്ട് പൌഡര്‍ കലക്കി ചേര്‍ത്താല്‍ മതി.

മല്ലിപ്പോടിയുടെ ടേസ്റ്റ് ഇഷ്ടമാണെങ്കില്‍ അര സ്പൂണ്‍ കൂടി ചേര്‍ത്തു അരച്ചോള്,കറിയ്ക്ക് കുറച്ചു കൂടി കൊഴുപ്പ് കിട്ടും.

2 Comments

Leave a Reply

Your email address will not be published. Required fields are marked *